Blog Details

കുംഭ മേള; ഒരു സംസ്‌കാരത്തിന്റെ ആഘോഷം

എണ്ണിയാൽ തീരാത്ത അത്രയും ദേവാലയങ്ങളും പൗരാണിക മഹിമയും നെറുകയിൽ ചൂടി നില്ക്കുന്ന ഇന്ത്യൻ മഹാരാജ്യത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടാൻ സഹായിച്ച പ്രശംസ അർഹിക്കുന്ന ഒരു ആഘോഷമാണ് കുംഭ മേള.

image

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പ്രയാഗ്, ഹരിദ്വാര്, ഉജ്ജൈനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയില് ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും, അലഹബാദിലും അർദ്ധ കുംഭമേള നടക്കുന്നു. ഏറ്റവും വിശേഷപ്പെട്ട പൂർണ്ണ കുംഭ മേള നടക്കുക 12 വര്ഷം കൂടുമ്പോഴാണ്. ഇങ്ങിനെ 12 പൂർണ്ണ കുംഭമേളകള്ക്ക് ശേഷം അതായത് 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള ഏറ്റവും പ്രധാന്യമാണ്. അടുത്ത മഹാകുംഭമേള നടക്കുക 2157ല് പ്രയാഗില് വെച്ചാവും. ഇപ്പോള് പ്രയാഗില് നടന്നുകൊണ്ടിരിക്കുന്നത് ആറു വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന അർദ്ധ കുംഭമേളയാണ്. മകര സംക്രമ നാൾ മുതൽ മാര്ച്ച്മാർച്ച് നാല് വരെ ആണ് പ്രയാഗ് കുംഭമേള നടക്കുന്നത്.

നദീതട സംസ്ക്കാരങ്ങൾക്ക് നമ്മുടെ ചരിത്രത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ വേദിയില് കോടിക്കണക്കിനാളുകൾ സ്നാനത്തിനായി എത്തുന്നു.

എന്താണ് കുംഭ മേള?

ഐതീഹ്യങ്ങൾ ഏറെ ഉണ്ട് കുംഭ മേളയെ കുറിച്ച്. അതിൽ പ്രധാനമായത് ദേവാസുര യുദ്ധ പരാമർശമാണ് . അമൃതിനു വേണ്ടിയുള്ള യുദ്ധത്തില് അസുരന്മാരെ ദേവന്മാർ തോല്പിച്ചു. 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം ഗരുഡന് അമൃത കുംഭത്തെ മഹാമേരു പർവ്വത്തിന്റെ അടിയില് കുഴിച്ചിട്ടു എന്നാണ് കഥ. ഇതിനോടനുബന്ധിച്ചു നിരവധി കഥകൾ നിലവിലുണ്ട്.

ഇവിടെ അമൃത് എന്നതിന് ജ്ഞാനം എന്നും അർത്ഥം ഉണ്ട്. അമൃതിന്റെ മർദ്ദത്തിന്റെ ഫലമായി ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോളും അതിന്റെ ഒരു അംശം ഭൗമാന്തർഭാഗത്ത് കൂടി ഈ നാല് പുണ്യ സങ്കേതങ്ങളിലെ നദീജലത്തിൽ കലരും എന്നാണ് വിശ്വാസം. ഈ സമയം ഈ നദികളിൽ മുങ്ങി കുളിച്ചാൽ ജന്മ ജന്മാന്തരങ്ങളായി ചെയ്ത് പോയിട്ടുള്ള സകല പാപങ്ങളിൽ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനാകും എന്നാണ് വിശ്വാസം. ലോകമെമ്പാടും ഉള്ള സന്യാസി ശ്രേഷ്ഠർ മുതൽ ഗവേഷകർ വരെ ഇവിടെ എത്തിച്ചേരുന്നു.

ബ്രഹ്മഋഷി മോഹന്‍ജിയുടെ വാക്കുകളിൽ കുംഭ മേള എന്ന തീർത്ഥാടന ഉത്സവത്തെ വളരെ ലളിതമായി നമുക്കു മനസ്സിലാക്കാം. 'ഈ ഭൂമിയിൽ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത് വാടകക്ക് എടുത്ത ഒരു ശരീരം കൊണ്ടാണ്. ഇവിടെ നമ്മളെ ജീവിക്കാൻ സഹായിക്കുന്ന ഓരോ വസ്തുവിനോടും നമ്മൾ കടപ്പെട്ടിരിക്കുന്നു. ഇതിനോടൊക്കെ നമുക്കു ഒരു കടം വീട്ടാനുണ്ട്. അധികമായി നിങ്ങൾക് എന്തു ഉണ്ടോ അതു മറ്റുള്ളവരിലേക്കു എത്തിക്കാൻ ശ്രമിക്കുക. അങ്ങനെ നമ്മൾ ഭൂമിയിൽ ജീവിക്കുന്നത്തിന്റെ കടം വീട്ടാൻ തുടങ്ങും.

അല്ലെങ്കിൽ ഓരോ ജന്മത്തിനും ഒരു ലക്ഷ്യമുണ്ട്. അവിടേക്ക് എത്താൻ ഒരുപക്ഷേ നമ്മൾ കുറേ സഞ്ചാരിക്കേണ്ടി വരും. ഇവിടെ മൂന്നു നദികൾ .. നമ്മുടെ മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. ശരീരം, മനസ്സ്, ആത്മാവ്. ഇതു മൂന്നും ലയിച്ച് തികച്ചും ചിന്തകളിൽ നിന്നു മുക്തി നേടി പരിപൂർണ സ്വാതന്ത്ര്യം നമുക്ക് എപ്പോൾ ലഭിക്കുന്നുവോ അപ്പോഴാണ് നമ്മൾ മോക്ഷപ്രാപ്തി നേടുന്നത്.

ഈ കാണുന്ന കോടിക്കണക്കിനു ആളുകൾ ഇന്ത്യയിലേക്കു വരുന്നത് എന്താണ് എന്നതിന് വ്യക്തമായ തെളിവാണ് ഇത്. മറ്റു രാജ്യങ്ങളിൽ അർത്ഥം, ധർമ്മം, കാമം എന്നിവയെ കുറിച്ചു മാത്രമേ പരാമർശമുള്ളു . ഇന്ത്യയിൽ മാത്രമാണ് ഭയമില്ലാതെ എങ്ങനെ മോക്ഷം നേടാം എന്ന് ലളിതമായി മനസിലാക്കി തരുന്നത്. എത്രയോ വർഷമായി തപസ്സ് അനുഷ്ഠിക്കുന്ന സന്യാസിമാർ അവരുടെ തപശ്ശക്തി മറ്റുള്ളവരിലേക്ക് പകരണം എങ്കില് അത് സ്വീകരിക്കുന്ന ആൾ അതിനു യോഗ്യത നേടണം. ഈ യോഗ്യത എന്നാൽ മനസ്സിൽ ചിന്തകൾ കുറക്കുക എന്നതാണ്. ഇവിടെ വരുന്ന എല്ലാവരും ഒരു പ്രത്യേക താളത്തിൽ ഒരുമിച്ച് ഭക്തിയോടെ നദീ സംഗമത്തിൽ മുങ്ങുമ്പോൾ നടക്കുന്നത് പ്രകടമായൊരു പരിണാമമാണ്. നമ്മളറിയാതെ നമ്മൾ കൂട്ടി വെച്ച ഭാരങ്ങൾ നാം അറിയാതെ തന്നെ ഇറങ്ങി പോകുന്ന അവസ്ഥ. അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടു ഇരിക്കുന്നതും.

മകരസംക്രാന്തി, പൗഷ് പൂർണിമ, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഘി പൂർണിമ , മഹാശിവരാത്രി എന്നിങ്ങനെ ആണ് കുംഭമേളയെ തരം തിരിച്ചിരിക്കുന്നത്. ഇപ്രകാരം ക്രമീകരണം നടത്തിയത് ശ്രീ ശങ്കര ഭഗവത് പാദർ ആണ്. ഓരോ ദിവസത്തിനും അതിന്റെതായ പ്രത്യേകതകളും ആത്മീയ ഗുണങ്ങളും ഉണ്ട്.

ആത്മീയതയുടെ ഉന്നത തലങ്ങളിൽ സഞ്ചരിച്ചു പരിപൂർണ മോക്ഷ പ്രാപ്തിക്കുവേണ്ടി ഒറ്റ ഒരു താള ക്രമത്തിൽ വളരെ കുലീനമായ രീതിയിൽ സ്നാനം ചെയ്യുകയും ഭാരത സംസ്ക്കാരത്തെ മുൻനിർത്തി ലോക രാജ്യങ്ങളോട് ഇവടുത്തെ മഹിമ വിളിച്ചോതുകയും ചെയ്യുന്ന ഒന്നാണ് കുംഭ മേള. ആയുസ്സില് ഒരിക്കൽ തീർച്ചയായും പങ്കെടുക്കേണ്ട ഒന്ന്.

Share:
Tags: Kumbh Mela Festival of Indian Culture